ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതിയെ വെടി വെച്ചിട്ടതോടെ അജയ്പാൽ ശർമ എന്ന ഐ പി എസുകാരൻ സമൂഹമാധ്യമങ്ങളിൽ താരമായി മാറിക്കൊണ്ടിരിക്കുകയാണ്.എൻകൗണ്ടർ സ്പെഷ്യലിസ്റ് എന്നാണ് സമൂഹമാധ്യമങ്ങൾ അജയ്‌പാലിനെ വിശേഷിപ്പിക്കുന്നത്.എന്നാൽ എൻകൗണ്ടറുകൾ ആസൂത്രണം ചെയ്യുന്നതല്ല, സംഭവിച്ചു പോകുന്നതാണ് എന്നാണ് അജയ്‌പാലിന്റെ പ്രതികരണം.സമൂഹമാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന പ്രതികരണങ്ങൾ വിസ്മയിപ്പിക്കുന്നതാണെന്നും അഭിനന്ദനപ്രവാഹങ്ങൾക്കും ഫോൺ കോളുകൾക്കും കയ്യും കണക്കുമില്ലെന്നും അജയ്പാൽ പറഞ്ഞു.ഉത്തർപ്രദേശിലെ റാംപൂരിൽ എസ്പി ആണ് നിലവിൽ അദ്ദേഹം.ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി പോലീസിനെ ആക്രമിച്ചു കടന്നു കളയാൻ ശ്രമിച്ചപ്പോഴാണ് അജയ്പാൽ പ്രതിയുടെ കാലിന് നേരെ മൂന്ന് തവണ വെടിയുതിർത്തത്.ഉത്തർപ്രദേശിലെ സിങ്കം എന്നാണ് അജയ്‌പാലിന്‌ സോഷ്യൽ മീഡിയ നൽകുന്ന വിശേഷണം.ലുധിയാന സ്വദേശി ആയ അജയ്പാൽ 2011 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ്.ഇതിനു മുൻപും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. 2018ൽ ഗൗതംബുദ്ധനഗറിലെ ജൂനിയർ പോലീസുകാർ കൈകൂലി വാങ്ങുന്നത് തടയാൻ നടത്തിയ മിന്നൽ പരിശോധനയാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്.ഗുണ്ടായിസങ്ങൾക്കെതിരെ യുപി സർക്കാർ 2018ൽ തുടക്കമിട്ട പോലീസ് നടപടികളുടെ നേതൃത്വം അദ്ദേഹത്തിനായിരുന്നു.എന്തിരുന്നാലും നിയമവാഴ്ച നടപ്പിലാക്കേണ്ടത് തോക്കിൻകുഴലിലൂടെ അല്ലെന്നും അജയ്പാൽ ശർമയെ പോലുള്ള ഉദ്യോഗസ്ഥരെ ആഘോഷിക്കുന്നത് ജനാധിപത്യ വ്യവസ്ഥയിൽ അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും ചില വിഭാഗം അഭിപ്രായപ്പെടുന്നുണ്ട്.

Related Comments

Abhay Paul

:)