ഒരു തൈ നടാം നമുക്കമ്മയ്ക്ക് വേണ്ടി ഒരു തൈ നടാം കൊച്ചുമക്കള്‍ക്കു വേണ്ടി ഒരു തൈ നടാം നൂറ് കിളികള്‍ക്കു വേണ്ടി ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി... ഏതൊരു നാടിന്റെയും സംസ്‌കാരത്തിന്റെ, ജനതയുടെ, കലയുടെ നല്ല നാളേയ്ക്ക് വേണ്ടിയുള്ള നിക്ഷേപങ്ങളാണ് ആ നാട്ടിലെ പൊതുവിദ്യാലയങ്ങള്‍. കേവലം അറിവിന്റെ സംഭരണ-വിതരണ കേന്ദ്രം എന്നതിനപ്പുറം പൊതുവിദ്യാലയങ്ങള്‍ക്ക് ഒരു നാടിന്റെ ഉറ്റമിത്രമാവാന്‍ കഴിയും എന്നതിന് തെളിവാണ് മണാശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍. മലയോര മേഖലയായ മുക്കം എന്ന നാടിന്റെ സ്പന്ദനമായി മാറിയ പൊതുവിദ്യാലയം. കയറി വരുന്ന ആരെയും തണലേകി സ്വാഗതം ചെയ്യുന്ന പൂവ്വത്തി മരമുത്തശ്ശനൊപ്പം 111-ാം വാര്‍ഷികത്തിലേക്ക് എത്തിയിരിക്കുകയാണ് ഇന്നീ വിദ്യാലയം. ജനതയുടെ കൂടിച്ചേരലുകള്‍ക്കും കുട്ടികളുടെ വിനോദത്തിനുമായി പൊതു ഇടങ്ങള്‍ അധികമില്ലാത്ത ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ പ്രധാന പൊതുഇടമായിരിക്കുകയാണ് ഈ വിദ്യാലയം. ഒരു സാംസ്‌കാരിക കേന്ദ്രമാക്കി ഈ വിദ്യാലയത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ 111-ാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി നിരവധി പരിപാടികളും നടത്തിയിരുന്നു. 'പുസ്തകക്കൂട്', 'നേരമായി നമുക്ക് വായിക്കാം', എന്നീ ചെറു പരിപാടികളുടെ തുടര്‍ച്ചയായി പൊതുജനങ്ങളെകൂടി ഉള്‍ക്കൊള്ളിച്ചു കൊണ്ട് ഡിസംബര്‍ 24, 25, 26, 27 തിയ്യതികളിലായി ലിറ്ററേച്ചര്‍ ഫെസ്റ്റ് എന്ന കലാ വിരുന്നും ഒരുക്കിയിരുന്നു. മുക്കത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ ഒരേട് കൂടി എഴുതിച്ചേര്‍ക്കാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കലാ-സാഹിത്യ പാരമ്പര്യം തിരിച്ചുപിടിക്കാനും ഒരെളിയ ശ്രമമെന്ന നിലയിലാണ് ലിറ്ററേച്ചര്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. കേരളത്തിലെ പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങള്‍ ഡിസ്‌കൗണ്ടില്‍ വാങ്ങിക്കാനുള്ള അവസരം ഒരുക്കിയ പുസ്തകമേള, പ്രശസ്ത സാഹിത്യകാരന്‍മാര്‍, സാംസ്‌കാരികനായകര്‍ എന്നിവരാല്‍ സമ്പന്നമായ സെമിനാറുകള്‍, സംവാദങ്ങള്‍, ഓപ്പണ്‍ ഫോറം തുടങ്ങിയവ മുക്കം ലിറ്ററേച്ചര്‍ ഫെസ്റ്റിന്റെ പൊലിമ കൂട്ടി. സംഗീതം, നൃത്തം, നാടകം, സിനിമ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയ കലാ സന്ധ്യകളും, എഴുത്തുകാരുമായി സംവദിക്കാന്‍ അവസരം ഒരുക്കിയ മുഖാമുഖം പരിപാടിയും ഫെസ്റ്റിന്റെ മുഖ്യ ആകര്‍ഷകമായിരുന്നു. മാനവം, പ്രസ്സ് ഫോറം, കമാലിയ മണാശ്ശേരി, ബി.ആര്‍.സി, ലയണ്‍സ്, ഒയിസ്‌ക്ക, റോട്ടറി എന്നീ കൂട്ടായ്മകളുടെ സഹകരണത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സാമ്പത്തിക ബധ്യത വെല്ലുവിളി ഉയര്‍ത്തുമ്പോഴും ജനങ്ങള്‍ ഏറ്റെടുത്ത ഈ സാഹിത്യോത്സവും വരും വര്‍ഷങ്ങളിലും നടത്തണമെന്നാണ് സംഘാടക സമിതിയുടെ തീരുമാനം. എട്ട് ലക്ഷം രൂപയോളം വിലവരുന്ന പുസ്തകങ്ങള്‍ ഫെസ്റ്റിലെ പുസ്തകമേളയിലൂടെ ജനങ്ങളും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വാങ്ങി എന്നത് സംഘാടകര്‍ക്ക് ഊര്‍ജം പകരുന്നു. വായനയുടെ ലോകത്തേക്ക്, തുറന്ന ചര്‍ച്ചകളുടെ ലോകത്തേക്ക് വരും തലമുറയെ, ജനതയെ കൈപിടിച്ചുയര്‍ത്തുന്ന ഇത്തരം പരിപാടികളും പ്രവര്‍ത്തനങ്ങളും തുടര്‍ന്നും ഈ പൊതുവിദ്യാലയത്തില്‍ നിന്നും പ്രതീക്ഷിക്കാം.

Related Comments

nayanam nayanam

spr